തിരുവനന്തപുരം: ലഹരിമരുന്ന് ഉപഭോഗവും വിതരണവും തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന, ജില്ലാ, തദ്ദേശ സ്വയംഭരണ, സ്കൂൾ തലങ്ങളിൽ സമിതികൾ രൂപീകരിക്കും. വിദ്യാർത്ഥികൾക്കിടയിലെ ലഹരിമരുന്ന് ഉപയോഗം തടയാൻ തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

സംസ്ഥാനതല സമിതിയിൽ മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹാധ്യക്ഷനുമാകും. ധനകാര്യം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, നിയമം, ഫിഷറീസ്, പട്ടികജാതി പട്ടികവർഗ, കായിക വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരും സമിതിയുടെ ഭാഗമാകും. ചീഫ് സെക്രട്ടറി ഏകോപിപ്പിക്കും. പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ സെപ്റ്റംബർ 22 ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും ജില്ലാ കളക്ടർ കൺവീനറായും ജില്ലാതല സമിതി രൂപീകരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. സെപ്റ്റംബർ 21ന് സമിതി യോഗം ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ അധ്യക്ഷനായും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ കൺവീനർമാരായും തദ്ദേശ സ്വയംഭരണ സ്ഥാപന സമിതികൾ ഉണ്ടാകും.