രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്ത് കിലോമീറ്ററുകളോളം സഞ്ചരിച്ച തൊഴിലാളികൾക്ക് ക്ഷീണം അകറ്റാൻ യോഗ ടിപ്പുകളുമായി രമേശ് ചെന്നിത്തല. കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം മഎത്താൻ വളരെ ബുദ്ധിമുട്ടാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. വിടി ബൽറാമും പിസി വിഷ്ണുനാഥും ചെന്നിത്തലയ്ക്കൊപ്പം യോഗയിൽ ചേർന്നു.

“ജോഡോ യാത്രയ്ക്ക് യോഗ പ്രയോജനം ചെയ്യും. നടപ്പ് കഴിഞ്ഞാൽ മസിൽ റിലാക്‌സെഷന് വേണ്ടി യോഗ സഹായിക്കും. ഒന്ന് രണ്ട് യോഗ പോസുകൾ ചെയ്താൽ മതി. അത് എനിക്ക് അനുഭവമുള്ളത് കൊണ്ട് പറഞ്ഞതാണ്. ഒരുപാട് പദയാത്രകൾ നടത്തിയിട്ടുണ്ട്. പക്ഷെ രാഹുലിനൊപ്പമുള്ള നടത്തം അൽപ്പം ടാസ്‌കാണ്. അദ്ദേഹം ഭയങ്കര സ്പീഡാണ്. സ്പീഡ് കുറയ്ക്കാൻ ഞങ്ങൾ പറഞ്ഞിട്ടും അദ്ദേഹം അത് കുറയ്ക്കുന്നില്ല” രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിവസം കേരളത്തിൽ കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ചു. രാവിലെ ഏഴിന് കഴക്കൂട്ടത്തു നിന്ന് യാത്ര ആരംഭിച്ച് ആറ്റിങ്ങലിലെത്തും. കെ-റെയിൽ കമ്മിറ്റി നേതാക്കൾ ഉച്ചകഴിഞ്ഞ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലിന് ആരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനച്ചടങ്ങിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.