തിരുവനന്തപുരം: റോഡിലെ കുഴികൾക്ക് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്‍റേതല്ലാത്ത റോഡിനും പഴി കേൾക്കേണ്ടി വരുന്നുണ്ട്. റോഡ് നിർമ്മാണത്തിലെ തെറ്റായ രീതികൾ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അറ്റകുറ്റപ്പണികൾ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പെരുമ്പാവൂർ-ആലുവ റോഡ് തകർന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. അതിന് ശേഷം വിജിലൻസ് അന്വേഷണത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡപകടങ്ങൾ കുറയ്ക്കാൻ കേരളത്തിലെ റോഡുകളുടെ രൂപകൽപ്പന മെച്ചപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയിൽ റോഡുകളുടെ ഗുണനിലവാരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ പരാമർശം പോസിറ്റീവായി മാത്രമേ കാണുന്നുള്ളൂവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകൾ വികസിപ്പിക്കുമ്പോൾ മാത്രമേ ഡിസൈൻഡ് റോഡുകളാക്കാൻ കഴിയൂവെന്നും അതിന് ജനസാന്ദ്രത തടസ്സമാണെന്നും മന്ത്രി പറഞ്ഞു.