കൊൽക്കത്ത: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരി നടത്തിയ പരാമർശത്തിനെതിരെ വിമർശനം. പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദു അധികാരി “എന്‍റെ ശരീരത്തിൽ തൊടരുത്, നിങ്ങൾ ഒരു സ്ത്രീയാണ്, ഞാൻ ഒരു പുരുഷനാണ്” എന്ന് ആക്രോശിക്കുന്നതാണ് വിവാദമായത്. സംഭവത്തിന്‍റെ വീഡിയോ തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു.

സുവേന്ദു അധികാരി തന്നെ കസ്റ്റഡിയിൽ എടുക്കാനെത്തിയ ഉദ്യോഗസ്ഥയോട് താൻ നിയമം അനുസരിക്കുന്ന പൗരനാണെന്ന് പറഞ്ഞു. തന്നോട് സംസാരിക്കാൻ പുരുഷ പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കണമെന്നും സുവേന്ദു ആവശ്യപ്പെട്ടു. തുടർന്ന് സൗത്ത് ഡിസിപി ആകാശ് മഗരിയയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ജയിൽ വാനിൽ കൊണ്ടുപോയി.

സുവേന്ദു അധികാരിക്ക് പുറമെ രാഹുൽ സിൻഹ, ലോക്കറ്റ് ചാറ്റർജി എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കളെയും പ്രതിഷേധ മാർച്ചിനിടെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് സുകാന്ത മജുംദാറും അറസ്റ്റിലായി. കസ്റ്റഡിയിലെടുത്ത നേതാക്കളെ ലാൽബസാറിലെ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.