പാലക്കാട്: അട്ടപ്പാടി മധു കേസിൽ കൂറുമാറിയ ഫോറസ്റ്റ് വാച്ചർ സുനിൽകുമാറിനെ പിരിച്ചുവിട്ടു. സൈലന്‍റ് വാലി ഡിവിഷനിലെ താൽക്കാലിക വാച്ചറായിരുന്നു. അതേസമയം, കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമാകുന്നില്ലെന്ന് സുനിൽ കുമാർ പറഞ്ഞു. സുനിൽകുമാറിന്‍റെ കാഴ്ചശക്തി പരിശോധിച്ചു വരികയാണ്.

കോടതി ഉത്തരവിനെ തുടർന്നാണ് സുനിൽകുമാറിന്‍റെ കാഴ്ചശക്തി പരിശോധിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പരിശോധന. നേരത്തെയും കൂറുമാറിയ വനം വാച്ചർമാരെ പിരിച്ചുവിട്ടിരുന്നു. അബ്ദുൾ റസാഖ്, അനിൽ കുമാർ എന്നിവരെയാണ് പുറത്താക്കിയത്.

28-ാം സാക്ഷിയായ മണികണ്ഠൻ കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ അനുകൂലമായി മൊഴി നൽകിയിരുന്നു. കൂറുമാറ്റം തുടർക്കഥയായ മധു വധക്കേസിൽ രണ്ട് പേർ മൊഴികളിൽ ഉറച്ചുനിന്നുവെന്നത് ശ്രദ്ധേയമാണ്. 26-ാം സാക്ഷിയായ ജയകുമാറും മൊഴിയിൽ ഉറച്ചുനിന്നപ്പോൾ 27-ാം സാക്ഷി സെയ്തലവി കൂറുമാറി. മധു കേസിലെ വിചാരണ ഒരിടവേളയ്ക്ക് ശേഷം മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ സ്പെഷ്യൽ കോടതിയിൽ പുനരാരംഭിച്ചു.