ചങ്ങനാശ്ശേരി: ചങ്ങനാശേരി പെരുന്നയിൽ നായയെ കെട്ടിത്തൂക്കിയ സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. ഐപിസി 429 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നായയുടെ ജഡം കണ്ടെത്തി പോസ്റ്റുമോർട്ടത്തിന് അയയ്ക്കും.

ഇന്നലെ രാവിലെയാണ് കോട്ടയം പെരുന്നയിൽ നായയെ കെട്ടിതൂക്കിയ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ദിവസം മുമ്പ്, ഇവിടെയുള്ള ഒരു സ്ത്രീയെ തെരുവ് നായ കടിക്കാൻ ഓടിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന.

സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം കയറിൽ കെട്ടിതൂക്കിയ നിലയിലാണ് നായയെ കണ്ടെത്തിയത്.മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. സംഭവത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നായയുടെ കഴുത്തിലെ കെട്ടഴിച്ചാണ് നാട്ടുകാർ മൃതദേഹം കുഴിച്ചിട്ടത്.