വൻകിട പദ്ധതികൾ നടപ്പാക്കുന്നതിന് മുമ്പ് ആവശ്യമായ പഠനങ്ങൾ നടത്താൻ സർക്കാർ സ്ഥിരം കമ്മിറ്റികൾ രൂപീകരിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിഴിഞ്ഞം തീരദേശ സംരക്ഷണ സമരത്തെ പിന്തുണച്ച് കെ.ആർ.എൽ.സി.സി ആരംഭിച്ച ജനബോധന യാത്രയുടെ ആദ്യദിന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി. തീരദേശവാസികളുടെ ദുഃഖത്തിൽ നിന്നുള്ള പ്രതിഷേധം ശക്തമായിരിക്കുമെന്നും അതിൽ രാഷ്ട്രീയമില്ലെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.

വിഴിഞ്ഞം സമരത്തെ പിന്തുണച്ച് കേരള റീജിയണൽ ലത്തീൻ കാത്തലിക് കൗൺസിലിന്‍റെ നേതൃത്വത്തിൽ നടന്ന ജാഥ മൂലമ്പിള്ളിയിൽ നിന്നാണ് ആരംഭിച്ചത്. വല്ലാർപാടം കണ്ടെയ്നർ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട വീട്ടമ്മമാരാണ് ജാഥയുടെ പതാക കൈമാറിയത്.

വിഴിഞ്ഞം തുറുമുഖത്തിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗവേഷണ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഭാവിയെക്കുറിച്ച് ഇപ്പോഴും ഉത്തരമില്ലെന്നും കെആർഎൽസിസി പ്രസിഡന്‍റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ജനനൻമ ലക്ഷ്യമാക്കാതെ സാമ്പത്തിക ശക്തികൾക്ക് വേണ്ടി മാത്രം സർക്കാർ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ജാഥാ ക്യാപ്റ്റൻ ജോസഫ് ജൂഡിന് ദീപശിഖ കൈമാറിക്കൊണ്ട് വരാപ്പുഴ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ജനബോധന യാത്ര ഞായറാഴ്ച വിഴിഞ്ഞത്തെ സമരപന്തലിൽ സമാപിക്കും.