വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി ജനബോധ യാത്ര ഇന്ന് എറണാകുളം മൂലമ്പള്ളിയിൽ ആരംഭിക്കും. കേരള ലത്തീൻ ബിഷപ്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന യാത്രയിൽ വിവിധ പരിസ്ഥിതി, മത്സ്യത്തൊഴിലാളി സംഘടനകൾ പങ്കെടുക്കും. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പൂർണ്ണമായും നടപ്പാക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര പറഞ്ഞു.

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സംസ്ഥാന വ്യാപകമായി നടക്കുന്ന വിഴിഞ്ഞം തുറമുഖ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് ജനബോധന യാത്ര സംഘടിപ്പിക്കുന്നത്. കേരള ലത്തീൻ കാത്തലിക് ബിഷപ്സ് കോൺഫറൻസിന്‍റെയും തീരദേശ വികസന ഏജൻസി ഫോർ ലിബറേഷന്‍റെയും നേതൃത്വത്തിൽ ഇന്ന് എറണാകുളം മൂലമ്പള്ളിയിൽ യാത്ര ആരംഭിക്കും. നടപ്പാകാത്ത സർക്കാർ വാ​ഗ്ദാനത്തിന്റെ പ്രതീകമായതുകൊണ്ടാണ് യാത്ര തുടങ്ങാൻ മൂലമ്പള്ളി തെരഞ്ഞെടുത്തതെന്ന് സമരസമിതി ജനറൽ കൺവീനർ മോൺസിഞ്ഞോർ യൂജിൻ പേരേര പറഞ്ഞു.

കെസിബിസി ഉൾപ്പെടെയുള്ള സഭകൾ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക, ശാസ്ത്രീയ പഠനം നടത്തുക, സർക്കാർ തീരുമാനിക്കുന്ന കാര്യങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ലെന്ന് ആവർത്തിക്കുകയാണ് ലത്തീൻ അതിരൂപത. ചർച്ചകൾക്ക് തുടക്കമിടേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെ സമവായവും അനിശ്ചിതത്വത്തിലാണ്.