തിരുവനന്തപുരം: മുൻ എം.എൽ.എ കെ.കെ ലതികയെ മർദ്ദിച്ച കേസിൽ രണ്ട് മുൻ കോൺഗ്രസ് എം.എൽ.എമാർക്ക് വാറണ്ട്. എം എ വാഹിദ്, എ ടി ജോർജ് എന്നിവർക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് ലതിക നൽകിയ പരാതിയിലാണ് നടപടി. പതിവായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും നേതാക്കൾ എത്തിയിരുന്നില്ല.

2015 മാർച്ച് 13ന് ഇടത് എം.എൽ.എമാർ നിയമസഭയിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. അതേസമയം നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായി. കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ ഇന്ന് ഹാജരായത്. എൽ.ഡി.എഫ് കൺവീനറും മുൻ മന്ത്രിയുമായ ഇ.പി ജയരാജൻ ഹാജരായില്ല. അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.