തിരുവനന്തപുരം: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി കെ.എസ്.ആർ.ടി.സി തൊഴിലാളികൾ. കെ.എസ്.ആർ.ടി.സിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഒക്ടോബർ ഒന്നുമുതൽ പണിമുടക്കും. ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്‍റ് എം.വിൻസെന്‍റ് എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സി.എം.ഡിക്ക് പണിമുടക്കിന് നോട്ടീസ് നൽകി.

സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാൻ തൊഴിലാളികൾ തീരുമാനിച്ചത്. 28 ശതമാനം തൊഴിലാളികളാണ് ടി.ഡി.എഫിലെ അംഗങ്ങൾ. എല്ലാ മാസവും 5ന് മുമ്പ് ശമ്പളം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാൽ തൽക്കാലം പണിമുടക്കേണ്ടെന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.

കെഎസ്ആർടിസി പ്രതിസന്ധിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആർടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചില സംഘടനകളുടെ പ്രചാരണം സത്യം മറച്ചുവയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സിയെ മൂന്ന് സ്വയംഭരണ ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത ആഴ്ചപ്പതിപ്പിലെ ലേഖനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.