കൊച്ചി: എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി തിരികെ എത്തിച്ചു. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും കണ്ടെത്തിയത്. തുടർന്ന് പെണ്‍കുട്ടിയെ തിരികെ എത്തിക്കുകയായിരുന്നു.

എറണാകുളം അയ്യമ്പള്ളിയിൽ നിന്ന് ചൊവ്വാഴ്ചയാണ് 15 വയസുകാരിയെയും 13 വയസുള്ള സഹോദരനെയും കാണാതായത്. കാണാതായ സഹോദരങ്ങളിൽ 13കാരൻ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയിരുന്നു. പക്ഷേ, കൂടെയുണ്ടായിരുന്ന സഹോദരി സഹോദരനോടൊപ്പം മടങ്ങിയെത്തിയില്ല. ഇതേതുടർന്ന് പെൺകുട്ടിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ആൺസുഹൃത്തിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. പിന്നീട് കുട്ടിയെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് തിരികെ കൊണ്ടുവന്നു. പെൺകുട്ടിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുകയാണെന്ന് മുനമ്പം എസ്എച്ച്ഒ യേശുദാസ് പറഞ്ഞു.