ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കരിമ്പ് തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മോട്ടോർ സൈക്കിളിലെത്തിയ സംഘമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. കുട്ടികൾ ബലാത്സംഗത്തിനിരയായെന്നാണ് കുടുംബം പറയുന്നത്. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

പെൺകുട്ടികൾ ധരിച്ചിരുന്ന ഷാളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ശരീരത്തിൽ മറ്റ് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയൂവെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പോസ്റ്റ്മോർട്ടം നടത്തിയത് തങ്ങളുടെ അറിവോടെയല്ലെന്ന് പെൺകുട്ടികളുടെ പിതാവ് ആരോപിച്ചു.

സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി.