ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെതിരെ പുതിയ പരാതി. ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി നൽകിയത്. എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂരാണ് പരാതിക്കാരൻ. പരാതി കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.

അധികാര ദുർവിനിയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്. സിവിൽ സർവീസിൽ നിന്ന് നീക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് നിർദ്ദേശം നൽകണം. ക്രിമിനൽ കേസിൽ പ്രതിയായിരിക്കെ അനധികൃതമായി ജോയിന്‍റ് സെക്രട്ടറി പദവിയിലേക്ക് നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കെ.എം ബഷീറിന്‍റെ മരണത്തിന് ഉത്തരവാദിയായിട്ടും ഐ.എ.എസ് പദവി ദുരുപയോഗം ചെയ്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ ഗൂഡാലോചന നടത്തിയതായും പരാതിയിൽ ആരോപിക്കുന്നു.