ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല. ശരീരത്തിലെ അണുബാധയുടെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും, കൂടുതൽ അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും കഴിഞ്ഞ ദിവസം കോടിയേരിയെ സന്ദർശിച്ചിരുന്നു. ഡോക്ടർമാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഇരുവരും ചികിത്സയെ കുറിച്ച് ആരാഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും സന്ദർശിച്ചിരുന്നു.

ഓഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദ ബാധിതനായി ചികിത്സയിലാണ് കോടിയേരി.