തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമമന്ത്രി പി രാജീവ്. ഗവർണർ റബ്ബർ സ്റ്റാമ്പാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾ അദ്ദേഹത്തിന്‍റെ പരിഗണനയിലാണ്. നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക് വിട്ടാൽ സ്വീകരിക്കേണ്ട ചില നിയമപരമായ നടപടിക്രമങ്ങളുണ്ട്. അത്തരം രീതികള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളതാണെന്നും നിയമ മന്ത്രി പറഞ്ഞു.

ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഘട്ടവും പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഭരണഘടനപരമായ രീതിയല്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 200 ഗവർണർ എങ്ങനെ പ്രവർത്തിക്കണമെന്ന് പറയുന്നു. അത് അറിയാവുന്ന ഗവർണർ അതിനനുസൃതമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഗവർണർ ഇന്നത് ചെയ്യണമെന്ന് ഞങ്ങൾ പറയേണ്ട ആവശ്യമില്ല. പരസ്യമായ വിവാദങ്ങളിൽ അർത്ഥമില്ല. ജനാധിപത്യ സംവിധാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ പാസാക്കിയ ബില്ലിൽ ഗവർണർ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.