തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കാൻ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി കെ.പി.സി.സി ജനറൽ ബോഡിയിൽ പ്രമേയം അവതരിപ്പിച്ചു. രമേശ് ചെന്നിത്തലയാണ് പ്രമേയം അവതരിപ്പിച്ചത്. കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി തുടരുമെന്നാണ് നിലവിലെ ധാരണ. സംഘടനാ തിരഞ്ഞെടുപ്പിന്‍റെ സാഹചര്യമായതിനാൽ അതുവരെ സുധാകരൻ കാവൽ പ്രസിഡന്‍റായി തുടരും.

പ്രസിഡന്‍റ്, കെ.പി.സി.സി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, എ.ഐ.സി.സി അംഗങ്ങൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഹൈക്കമാൻഡിന് തീരുമാനിക്കാമെന്നും പ്രമേയത്തിൽ പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.മുരളീധരൻ എം.പി, കെ.സി ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എം ഹസ്സൻ തുടങ്ങിയവർ അദ്ദേഹത്തെ പിന്തുണച്ചു. എ.ഐ.സി.സി തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനതല ഭാരവാഹികളെ നിയമിക്കണം. നേരത്തെ ഭാരവാഹികളുടെ കാര്യത്തിൽ സമവായമുണ്ടായിരുന്നതിനാൽ മത്സരം ഉണ്ടായിരുന്നില്ല.

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് പുതിയ കെ.പി.സി.സി അംഗങ്ങളുടെ ജനറൽ ബോഡി യോഗം ചേർന്നത്. സംഘടനാ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ജി പരമേശ്വര, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ അറിവ് അഴകൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ സംഘടനാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടപടിക്രമങ്ങൾ ഔപചാരികമായി പൂർത്തിയാക്കി.