തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ്, ഭാരവാഹികൾ, എ.ഐ.സി.സി അംഗങ്ങൾ എന്നിവരെ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ചുമതല എ.ഐ.സി.സി പ്രസിഡന്‍റ് സോണിയാ ഗാന്ധിക്ക്. പാര്‍ട്ടി ജനറല്‍ ബോഡി യോഗമാണ് സോണിയയെ ഇതിനായി ചുമതലപ്പെടുത്തിയത്.

രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം നേതാക്കൾ ഏകകണ്ഠമായി അംഗീകരിച്ചു. കെ സുധാകരൻ തന്നെ മത്സരമില്ലാതെ പ്രസിഡന്‍റായി തുടരാനാണ് നിലവിലെ ധാരണ. ഡൽഹിയിൽ നിന്ന് സുധാകരന്‍റെയും ഭാരവാഹികളുടെയും പേരുകൾ സോണിയാ ഗാന്ധി ഉടൻ പ്രഖ്യാപിക്കും.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ ജനറൽ ബോഡി യോഗം ഇന്ന് ചേർന്നു. റിട്ടേണിംഗ് ഓഫീസർ ജി. പരമേശ്വരയുടെ അധ്യക്ഷതയിലായിരുന്നു യോഗം.