ചെന്നൈ: ഔദ്യോഗിക ഭാഷയെന്ന നിലയിൽ ഹിന്ദിക്ക് രാജ്യത്തെ പൂർണ്ണമായും ഒന്നിപ്പിക്കാൻ കഴിയുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇന്ത്യ ഇപ്പോഴും ഇന്ത്യയാണെന്നും ഹിന്ദ്യയാക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇത് അംഗീകരിക്കണമെന്നും രാജ്യത്തിന്‍റെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് ഭാഷകൾക്കും ഹിന്ദിക്ക് നൽകുന്ന അതേ പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 14 നാണ് രാജ്യത്ത് ഹിന്ദി ദിവസ് ആഘോഷിക്കുന്നത്. രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ ഹിന്ദി ഭാഷ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് അമിത് ഷാ അന്ന് നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഹിന്ദി വളരുമ്പോൾ മാത്രമേ മറ്റ് ഭാഷകളും വളരുകയുള്ളൂവെന്നും അമിത് ഷാ പറഞ്ഞിരുന്നു.