ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനത്തോടനുബന്ധിച്ച് രാജ്യത്ത് കൊണ്ടുവരുന്ന എട്ട് ചീറ്റകൾക്ക് വീടൊരുക്കുന്നതിനായി 150 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 20 ഓളം ഗ്രാമങ്ങളിൽ നിന്നാണ് ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ എഴുപത്തിരണ്ടാം ജൻമദിനമായ സെപ്റ്റംബർ 17ന് നമീബിയയിൽ നിന്ന് എട്ട് മുതിർന്ന ചീറ്റകളെ കുനോയിലേക്ക് കൊണ്ടുവരും.

70 വർഷം മുമ്പ് രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റകളെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ കുനോ വന്യജീവി സങ്കേതത്തിൽ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ചീറ്റകൾ മനുഷ്യരെ ആക്രമിക്കാറില്ലെന്നും എന്നാൽ അവരുടെ ആവാസ വ്യവസ്ഥയെ തടസ്സപ്പെടുത്താതിരിക്കാൻ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ചില പുലികളെയും മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ചീറ്റകൾക്ക് റേഡിയോ കോളറുകൾ ഉണ്ട്. ഇവരുടെ നീക്കങ്ങളും നിരീക്ഷിക്കും. കടുവകളും ചീറ്റകളും ഇടപഴകുന്നത് തടയാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകൾക്ക് പുറമെ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി രാജ്യത്തെത്തും. ഇതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.