ധർമപുരി: പ്രണയബന്ധത്തിന് തടസം നിന്നതിന് യുവതി ഭർത്താവിനെ അടിച്ചു കൊന്നതിനു ശേഷം കത്തിച്ചു. തമിഴ്നാട്ടിലെ ധർമപുരിയിൽ 26 കാരിയായ യുവതിയാണ് കാമുകന്‍റെയും സുഹൃത്തിന്‍റെയും സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ചത്. ശ്മശാനത്തിൽ കണ്ടെത്തിയ പാതി കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണമാണ് പ്രണയം നിലനിർത്താനുള്ള ക്രൂരത വെളിച്ചത്തു കൊണ്ടുവന്നത്. ഇവർക്ക് രണ്ടു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് ധർമ്മപുരിയിലെ നരസിപൂരിലെ ശ്മശാനത്തിൽ അജ്ഞാത മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. മുഖമില്ലാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ, പാന്‍റിന്‍റെ പോക്കറ്റിൽ നമ്പർ മാത്രം കത്താത്ത വിധത്തിൽ പൊലീസ് ആധാർ കാർഡ് കണ്ടെത്തി. പൊന്നാരം സോംപെട്ടി സ്വദേശി മണി (30)യുടേതായിരുന്നു ആധാർ. പൊലീസെത്തി അന്വേഷിച്ചപ്പോൾ ഒരാഴ്ചയായി മണിയെ കാണാനില്ലെന്ന് ഭാര്യ ഹംസവല്ലി മറുപടി നൽകി.

മണിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയെന്ന് കേട്ടപ്പോൾ കരഞ്ഞെങ്കിലും, ഹംസവല്ലിക്ക് കാര്യമായ ഭാവ വെത്യാസമുണ്ടായില്ല. തുടർന്നുള്ള നിരീക്ഷണത്തിൽ ഹംസവല്ലി സാധാരണ ജീവിതമാണ് നയിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്ത് വന്നത്.