പഞ്ചാബ്: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയിൽ ലയിക്കും. അമരീന്ദർ സിംഗ് കഴിഞ്ഞ വർഷം കോണ്‍ഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. സെപ്റ്റംബർ 19ന് അമരീന്ദറിന്‍റെ പാർട്ടി ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ക്യാപ്റ്റൻ അമരീന്ദർ സിംഗ് ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് തീരുമാനം പുറത്തുവന്നത്.

ദീർഘകാലമായി പിസിസി അധ്യക്ഷനായിരുന്ന നവജ്യോത് സിംഗ് സിദ്ദുവുമായി തർക്കത്തിലായിരുന്ന അമരീന്ദർ സിംഗ് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോണ്‍ഗ്രസുമായി വേർപിരിഞ്ഞത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയ ഉടൻ തന്നെ അദ്ദേഹം പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചു.