കരിപ്പൂർ സ്വർണ്ണ കവർച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 2021 ലെ വാഹനാപകട കേസിലും പ്രതി ചേർത്തു. കവര്‍ച്ചാ ശ്രമത്തിനിടെ ആയിരുന്നു അപകടം. അർജുൻ ആയങ്കിയെ അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

2021 ജൂൺ 21ന് രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷന് സമീപം പുളിഞ്ചോട്ടിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അപകടത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമായി.

വിദേശത്ത് നിന്ന് കടത്തിയ സ്വർണം മോഷ്ടിക്കാനെത്തിയ മറ്റൊരു സംഘത്തിന് ആയങ്കിയാണ് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ജിദ്ദയിൽ നിന്ന് സ്വർണവുമായി എത്തിയ തിരൂർ സ്വദേശി മഹേഷിന്‍റെ നിർദ്ദേശപ്രകാരമാണ് കവർച്ചാ സംഘം കരിപ്പൂരിലെത്തിയത്. സ്വർണം ഏറ്റുവാങ്ങാനെത്തുന്നവർക്ക് കൈമാറുന്നതിനിടെയാണ് കവർച്ച നടത്താൻ സംഘം തീരുമാനിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.