ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനമായ സെപ്റ്റംബർ 17ന് ജനിക്കുന്ന എല്ലാ കുട്ടികൾക്കും ബിജെപി തമിഴ്നാട് ഘടകം സ്വർണമോതിരം സമ്മാനിക്കും. പദ്ധതി പ്രകാരം 720 കിലോ മത്സ്യവും വിതരണം ചെയ്യുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.

ആർ.എസ്.ആർ.എം ആശുപത്രിയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി എൽ.മുരുകൻ പറഞ്ഞു. ഓരോ കുട്ടിക്കും 2 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മോതിരം നൽകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇത് സൗജന്യമല്ലെന്നും നവജാതശിശുക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതാണ് എന്നും എൽ മുരുകൻ വ്യക്തമാക്കി. സെപ്റ്റംബർ 17ന് ആർഎസ്ആർഎം ആശുപത്രിയിൽ 10 മുതൽ 15 വരെ കുഞ്ഞുങ്ങൾ ജനിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മണ്ഡലമാണ് മത്സ്യ വിതരണത്തിനായി തിരഞ്ഞെടുത്തതെന്ന് കേന്ദ്ര സഹമന്ത്രി അറിയിച്ചു.