തിരുവനന്തപുരം: ഗവേഷണത്തിലൂടെ നേടുന്ന അറിവുകൾ ഉത്പന്നങ്ങളും സേവനങ്ങളും ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആറ് സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ സെന്‍ററുകൾ വരുന്നു. ഈ വർഷം തന്നെ ഇവ യാഥാർത്ഥ്യമാക്കാൻ ഓരോ സർവകലാശാലയ്ക്കും 20 കോടി രൂപ വീതം അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇത്തവണത്തെ ബജറ്റിൽ പദ്ധതി വിഭാവനം ചെയ്തിരുന്നു.

മദ്രാസ് ഐ.ഐ.ടിയിലെ വിവർത്തന കേന്ദ്രം വിജയകരമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് ഇത്രയധികം സർവകലാശാലകളിൽ ഒരുമിച്ച് നടപ്പാക്കുന്നത്. കിഫ്ബിക്കാണ് ഇതിന്‍റെ നടത്തിപ്പിന്‍റെ ചുമതല.

അതത് സർവകലാശാലകൾ പദ്ധതിക്കായി സ്പെഷ്യൽ പർപ്പസ് കമ്പനികൾ (എസ്പിവി) രൂപീകരിക്കും. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കി ഒക്ടോബർ അഞ്ചിനകം കിഫ്ബിക്ക് സമർപ്പിക്കാനാണ് നിർദേശം.