തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള അഡ്വക്കേറ്റ് ജനറലിന്‍റെ (എജി) നിയമോപദേശത്തിൽ തീരുമാനമെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമോപദേശം അടങ്ങിയ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ട് മൂന്നാഴ്ചയായെങ്കിലും തീരുമാനമായിട്ടില്ല.

എന്നാൽ നിയമോപദേശത്ത കുറിച്ചോ തീരുമാനങ്ങളെ കുറിച്ചോ അറിയില്ലെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. സാമൂഹ്യാഘാത പഠനം പുനരാരംഭിക്കുന്നതിനുള്ള നിയമോപദേശം കഴിഞ്ഞ മാസം അവസാനം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നു. യഥാസമയം പഠനം പൂർത്തിയാകാത്തതിനാൽ പഴയ ഏജൻസിക്ക് തന്നെ കൈമാറാമോ എന്നായിരുന്നു എജിയോട് തേടിയ നിയമോപദേശം. പഠനം പൂർത്തിയാക്കാൻ കഴിയാത്തത് ഏജൻസിയുടെ പിഴവ് മൂലമല്ലാത്തതിനാൽ അവർക്ക് തന്നെ കൈമാറുന്നതിനോ പുതിയ ഏജൻസിയെ ഏൽപ്പിക്കുന്നതിനോ തടസ്സമില്ലെന്ന് എജി സർക്കാരിനെ അറിയിച്ചു.

അതേസമയം, നിയമോപദേശം ലഭിക്കാത്തതിനാലാണ് തുടര്‍വിജ്ഞാപനമിറക്കാന്‍ കഴിയാത്തത് എന്ന് പറഞ്ഞിരുന്ന റവന്യു വകുപ്പിന് സാമൂഹികാഘാത പഠനം തുടങ്ങുന്നതിനെപ്പറ്റി ഒരു ധാരണയുമില്ല. നിയമോപദേശത്തിന്‍റെ ഫയലില്‍ മുഖ്യമന്ത്രി എന്ത് എഴുതുന്നു എന്നതിനെ ആശ്രയിച്ചിരിക്കും റവന്യുവകുപ്പിന്‍റെ തീരുമാനം. പഴയ ഏജന്‍സിയെ തന്നെ ഏല്‍പ്പിക്കണോ പുതിയ ഏജന്‍സി വേണമോ എന്ന് സര്‍ക്കാര്‍ തീരുമാനം എടുത്താലെ വിജ്ഞാപനം ഇറക്കാനാവൂ. വേഗത്തിൽ നീങ്ങിയിരുന്ന സില്‍വര്‍ലൈന്‍ നടപടികള്‍ കുറച്ചുകാലമായി ഇഴഞ്ഞുനീങ്ങുകയാണ്. നിലവില്‍ ഒരു പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് നടക്കുന്നുമില്ല. സാമൂഹികാഘാത പഠനം പുനരാംഭിക്കുന്നത് വരെ നിശ്ചലമാണെന്നിരിക്കെ മുഖ്യമന്ത്രി തീരുമാനമെടുക്കാന്‍ വൈകുന്നതിന്‍റെ കാരണം അവ്യക്തമാണ്.