ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകം മാനേജ്മെന്‍റ് പാഠപുസ്തകമായി ഉപയോഗിക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മുംബൈയിൽ ‘മോദി@20’ എന്ന പുസ്തകത്തെക്കുറിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ.

ആധുനിക ഭരണം രാജ്യത്ത് എങ്ങനെ നടപ്പാക്കാനാകുമെന്നും രാജ്യത്തോട് പ്രതിബദ്ധതയുള്ള നേതാക്കൾ അത് എങ്ങനെ നടപ്പാക്കുമെന്നും പുസ്തകം ചർച്ച ചെയ്യുന്നു. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായതു മുതൽ 2014ൽ പ്രധാനമന്ത്രിയായത് വരെ നടന്ന സംഭവങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ പദ്ധതികളും ജനങ്ങളിലേക്കെത്തുകയാണ്. സാങ്കേതികവിദ്യകൾ പദ്ധതികളെപ്പറ്റി മനസ്സിലാക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നതിനാലാണ് ജനങ്ങളിലേക്ക് നേരിട്ട് ആനുകൂല്യങ്ങൾ എത്തുന്നത് എന്നും നിർമല സീതാരാമൻ പറഞ്ഞു.