തെരുവുനായ്ക്കളുടെ ആക്രമണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ഇത്തരം അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിനിടെ തെരുവുനായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പകരം അവയെ പാർപ്പിക്കാൻ ആനിമൽ ഷെൽട്ടറുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നടി മൃദുല മുരളി രംഗത്തെത്തിയിരുന്നു.

കൊലപാതകവും ഹീനമായ കുറ്റകൃത്യങ്ങളും ചെയ്യുന്നവരെ ശിക്ഷിക്കുന്നതിന് പകരം മുഴുവന്‍ മനുഷ്യരാശിയേയും ഇല്ലായ്മ ചെയ്യണോ എന്നാണ് മൃദുല ചോദിച്ചത്. തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തൂ എന്നും മൃദുല പറഞ്ഞു. തൊട്ടുപിന്നാലെ നിരവധി പേരാണ് നടിയെ വിമർശിച്ച് രംഗത്തെത്തിയത്. ഒടുവില്‍ താന്‍ പറഞ്ഞതിന് വ്യക്തത വരുത്തുന്നതിന് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

പട്ടികളുടെ കടി കൊള്ളണമെന്ന് ഒരു പട്ടി സ്‌നേഹിയും പറഞ്ഞിട്ടില്ല. പൈശാചികമായി കൊല്ലുന്നത് നിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്. മരിച്ചുപോയ കുട്ടിയുടെയോ കുടുംബത്തിന്റെയോ അല്ലെങ്കില്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെയോ മനോവികാരം വിലകുറച്ചോ മാനിക്കാതെയോ അല്ല ഇത് പറയുന്നതെന്നും ശാസ്ത്രീയമായ രീതികളാണ് തിരഞ്ഞെടുക്കേണ്ടതെന്നും മൃദുല പറഞ്ഞു.