തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ വിജിലൻസിന്റെ വ്യാപക പരിശോധന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ നിർമ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനാണ് സംഘം മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ആൻഡ് ആന്‍റി നാർക്കോട്ടിക് സെല്ലിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.

ഓപ്പറേഷൻ സരൾ രാസ്ത എന്ന പേരിലാണ് പരിശോധന. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പുരോഗമിക്കുന്നതും, പൂർത്തീകരിച്ചതുമായ റോഡുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളിൽ 82ലധികം റോഡുകളാണ് ഇന്ന് പരിശോധിക്കുന്നത്.

റോഡുകളുടെ ഗുണനിലവാരം സംബന്ധിച്ച് നിരവധി വിമർശനങ്ങളും പരാതികളും ഉയർന്ന സാഹചര്യത്തിൽ മുമ്പും പരിശോധനകൾ നടത്തിയിരുന്നു. മനോജ് എബ്രഹാം വിജിലൻസിന്‍റെ ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ ഓപ്പറേഷൻ സരൾ രാസ്തയാണിത്.