തിരുവനന്തപുരം: കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ. തെരുവുനായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘വോയിസ് ഓഫ് സ്ട്രേ ഡോഗ്സി’ൻ്റെ പോസ്റ്റർ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചാണ് രാഹുലിൻ്റെ പ്രതികരണം.

കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യാൻ വീണ്ടും തുടങ്ങിയെന്ന് പോസ്റ്റിൽ പറയുന്നു. ‘ദയവായി നിർത്തൂ’ എന്നാണ് രാഹുൽ കുറിച്ചത്.

അതേസമയം, സംസ്ഥാനത്ത് പേവിഷബാധ തടയുന്നതിനുള്ള ആക്ഷൻ പ്ലാനിന് ഉത്തരവ് പുറപ്പെടുവിച്ചു. ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കും. ഹോട്ട്സ്പോട്ടുകളിലെ എല്ലാ നായ്ക്കൾക്കും അഭയം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. പൊതുനിരത്തുകളിൽ മാലിന്യം തള്ളിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആക്ഷൻ പ്ലാനിൽ പറയുന്നു. തെരുവ് മാലിന്യങ്ങൾ കാരണം പല സ്ഥലങ്ങളും ഹോട്ട്സ്പോട്ടുകളായി മാറുന്ന സാഹചര്യമുണ്ട്. അതിനാൽ, തെരുവ് മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.