ആലുവ-പെരുമ്പാവൂർ റോഡിൽ കുഴിയിൽ വീണ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ന്യായീകരണവുമായി സർക്കാർ. കുഞ്ഞുമുഹമ്മദിന്‍റെ മരണം കുഴിയിൽ വീണുള്ള പരുക്ക് മാത്രമല്ല. പ്രമേഹം കുറഞ്ഞതും മരണത്തിലേക്ക് നയിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ മരിച്ചയാളുടെ മകൻ മനാഫ് സർക്കാരിന്റെ വാദത്തെ എതിർത്തു. മരണകാരണം പ്രമേഹമാണെങ്കിൽ, ഡോക്ടര്‍മാരല്ലേ അത് പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു

സർക്കാരിന്റെ ന്യായീകരണത്തെ കോടതി വിമർശിച്ചു. മരിച്ചവരെ അപമാനിക്കരുതെന്നും കോടതി പറഞ്ഞു. കുഴിയിൽ വീണ് ഉണ്ടാകുന്ന തുടർച്ചയായ അപകടങ്ങളിൽ കോടതിക്ക് ആശങ്കയുണ്ട്. കുഴിയില്‍ വീണുള്ള മരണങ്ങളില്‍ കോടതിക്ക് നിശബ്ദ സാക്ഷിയാകാൻ കഴിയില്ല. 71 കാരന്‍റെ മരണം ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. ഇത്രയധികം അപകടങ്ങൾ ഉണ്ടായിട്ടും കുഴികൾ അടയ്ക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു.

എന്തുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയർമാരെ നിയമിക്കുന്നത്? റോഡിലെ കുഴികൾ ജില്ലാ കളക്ടർ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ കളക്ടർമാരെയും എഞ്ചിനീയർമാരെയും അപകടങ്ങൾക്ക് ഉത്തരവാദികളാക്കും. ജില്ലാ കളക്ടറുടെ റിപ്പോർട്ട് എവിടെയാണെന്ന് ചോദിച്ച കോടതി ചുമതലയുള്ള എഞ്ചിനീയർ തിങ്കളാഴ്ച ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശവും നൽകി.