പാലക്കാട്: അട്ടപ്പാടി മധു കേസിൽ മൊഴിയിൽ ഉറച്ചു നിന്ന് 40-ാം സാക്ഷി. 40-ാം സാക്ഷിയായ ലക്ഷ്മി പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് കോടതിയില്‍ നൽകിയത്. അതേസമയം, 29-ാം സാക്ഷി സുനിൽ കുമാറിന്‍റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതി വിസ്തരിച്ചു. സുനിൽ കുമാറിന്‍റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് ഡോക്ടർ കോടതിയെ അറിയിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആകെ 122 സാക്ഷികളുളള കേസില്‍ ഇതുവരെ 21 സാക്ഷികളാണ് കൂറുമാറി.

അതേസമയം, കേസിൽ കൂറുമാറിയ സാക്ഷികൾ കോടതിയിൽ പറഞ്ഞത് നുണയാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മധു ആക്രമിക്കപ്പെട്ടതായി കണ്ടിട്ടില്ലെന്നും പ്രതികളാരെയും അറിയില്ലെന്നും സാക്ഷികളായ സുനിൽകുമാറും അബ്ദുൾ ലത്തീഫ് മനാഫും കോടതിയെ അറിയിച്ചു.

താൽക്കാലിക വാച്ചറായിരുന്ന 29-ാം സാക്ഷിയായ സുനിൽകുമാർ 2018 ഫെബ്രുവരി 22ന് ഉച്ചയ്ക്ക് 2.45ന് അട്ടപ്പാടി ആനവായ് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ജീപ്പിന്‍റെ പിറകിൽ കയറുന്നത് കാണാം. മധുവിനെ കാട്ടിൽ നിന്ന് പിടിച്ച് കൊണ്ടു വരുന്ന ആൾക്കൂട്ടത്തെയും സിസിടിവി ദൃശ്യങ്ങൾ കാണാം. കഴിഞ്ഞ ദിവസം വിസ്താരത്തിന് എത്തിയപ്പോൾ ധരിച്ച അതേ ലോക്കറ്റാണ് ദൃശ്യത്തിലും സുനിൽ കുമാറിന്‍റെ കഴുത്തിലുള്ളത്.