ഓച്ചിറ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ഓച്ചിറയിൽ രാഹുലിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. അറിയിച്ചതിലും അൽപം നേരത്തെയാണ് രാഹുൽ എത്തിയത്. ഓച്ചിറയിൽ മുതൽ കായംകുളം വരെയായിരുന്നു രാവിലത്തെ യാത്ര. വഴിയോരങ്ങളിൽ വലിയ ജനക്കൂട്ടം യാത്രയെ അഭിവാദ്യം ചെയ്തു. ഇടയ്ക്ക് ചെറിയ മഴ പെയ്തെങ്കിലും യാത്ര മുടങ്ങിയില്ല. കനത്ത സുരക്ഷയിലും രാഹുലിനെ ജനങ്ങൾക്ക് കാണാൻ സൗകര്യം ഒരുക്കിയിരുന്നു.

യാത്ര നിശ്ചയിച്ചതിലും നേരത്തെ കായംകുളത്ത് എത്തി. ഉച്ചകഴിഞ്ഞ് യുവ ജനങ്ങളുമായും ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിലെ കുട്ടികളുമായും രാഹുൽ സംവദിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മ ദിനമായ ഇന്ന് കോൺഗ്രസ് തൊഴിലില്ലായ്മ ദിനമായി ആചരിക്കുകയാണ്. അതാവും യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയിലെ പ്രധാന വിഷയം.

ഇന്നത്തെ യാത്ര വൈകിട്ട് നാലിന് കായംകുളത്ത് നിന്ന് പുറപ്പെട്ട് ഏഴിന് ചേപ്പാട് എൻ.ടി.പി.സി ജംഗ്ഷനിൽ യാത്ര സമാപിക്കും. നാളെ രാവിലെ ഏഴിന് ഹരിപ്പാട് നിന്നാരംഭിക്കുന്ന യാത്ര വണ്ടാനം മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സമാപിക്കും.