ദുബായ്: ഡെൻമാർക്കിൽ നികുതി വെട്ടിപ്പ് നടത്തിയതിന് ഇന്ത്യൻ വംശജനായ സഞ്ജയ് ഷായ്ക്ക് ദുബായ് കോടതി 1.25 ബില്യൺ ഡോളർ(10,000 കോടി രൂപ) പിഴ ചുമത്തി. ബ്രിട്ടീഷ് പൗരനായ സഞ്ജയ് ഷാ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുബായിലാണ് താമസിക്കുന്നത്. ഡെൻമാർക്കിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പാണ് ഷാ നടത്തിയതെന്ന് ഡാനിഷ് ടാക്സ് ഡിപ്പാർട്ട്മെന്‍റ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.

പ്രതിയെ കൈമാറണമെന്ന ഡെൻമാർക്കിന്‍റെ ആവശ്യം കോടതി തള്ളി. 1.7 ബില്യൺ ഡോളറിന്‍റെ നികുതി വെട്ടിപ്പാണ് ഇയാൾ നടത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഷായുടെ വക്താവ് ജാക്ക് ഇർവിൻ പറഞ്ഞു. ഡാനിഷ് കമ്പനിയുടെ ഓഹരിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 2012 മുതൽ തുടർച്ചയായി മൂന്ന് വർഷം നികുതി റീഫണ്ട് കൈപ്പറ്റിയെന്നാണ് ആരോപണം. തട്ടിപ്പിന് ശേഷം ഷാ ഡെൻമാർക്ക് വിട്ട് ദുബായിലെ പാം ജുമൈറയിലേക്ക് മാറി. 2018 ൽ ഡെൻമാർക്ക് ടാക്സ് ഡിപ്പാർട്ട്മെന്‍റ് ദുബായിൽ ഒരു കേസ് ഫയൽ ചെയ്തു. 1.9 ബില്യൺ ഡോളർ നഷ്ടപരിഹാരമാണ് ഡെൻമാർക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.