ദുബായ്: യുഎഇയിൽ ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി. തൃശൂർ സ്വദേശി ധീരജ് ആണ് കേരളത്തിൽ നിന്ന് ദുബായിലേക്ക് പറന്ന് ഐഫോൺ 14 സ്വന്തമാക്കിയത്. ഫോട്ടോഗ്രാഫറായ അദ്ദേഹം ഐഫോണിന്‍റെ കടുത്ത ആരാധകനാണ്. എല്ലാ വർഷവും ഐഫോൺ പുറത്തിറക്കുമ്പോൾ ധീരജ് ദുബായിൽ വന്ന് ഫോൺ സ്വന്തമാക്കുന്നത് പതിവാണ്.

പുതിയ ഐഫോൺ പതിപ്പിനായും ധീരജ് തന്‍റെ പതിവ് തെറ്റിച്ചില്ല. ഐഫോൺ 14 എത്തിയപ്പോൾ തന്നെ ദുബായിലേക്ക് പറന്നു. ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മാക്സ് 512 ജിബി സ്റ്റോറേജ് മോഡലാണ് ധീരജ് ഇത്തവണ സ്വന്തമാക്കിയത്.

സെപ്റ്റംബർ 16നാണ് ഫോൺ യുഎഇയിൽ വിൽപ്പനയ്ക്കെത്തിയത്. എല്ലാ വർഷവും ഉൽപ്പന്നങ്ങൾ വാങ്ങാൻ വരുന്നതിനാൽ ആപ്പിൾ എക്സിക്യൂട്ടീവുകൾക്കും തന്നെ അറിയാമെന്ന് ധീരജ് പറയുന്നു.