ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്ത് പണം സ്വരൂപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ന് മുതൽ ഒക്ടോബർ 2 വരെയാണ് ലേലം. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഓൺലൈൻ ലേലം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 1,200 ഓളം മെമന്‍റോകളും സമ്മാനങ്ങളും ലേലത്തിന് വയ്ക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.

സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഇ-ലേലത്തിന്‍റെ നാലാമത്തെ പതിപ്പാണിത്. ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രദർശനത്തിന് വച്ചിരിക്കുകയായിരുന്നു ഇവയെല്ലാം. പെയിന്‍റിംഗുകൾ, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ, നാടൻ കലാ സൃഷ്ടികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പരമ്പരാഗത അംഗവസ്ത്രങ്ങൾ, ഷാളുകൾ, ശിരോവസ്ത്രങ്ങൾ, ആചാരപരമായ വാളുകൾ തുടങ്ങി പരമ്പരാഗതമായി നൽകി വരുന്ന സമ്മാന ഇനങ്ങളും ലേലത്തിനുണ്ടാകും.