ന്യൂഡൽഹി: ഐആർസിടിസി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹർജി നൽകി. അടുത്തിടെ നടന്ന പത്രസമ്മേളനത്തിൽ ആർജെഡി നേതാവ് തേജസ്വി സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നിരുന്നു.

തേജസ്വി കേസിനെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നാണ് സി.ബി.ഐയുടെ വാദം. സിബിഐയുടെ ഹർജിയിൽ പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയൽ തേജസ്വിക്ക് നോട്ടീസ് അയച്ചു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഹോട്ടൽ അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിന്‍റെ ഭാര്യ റാബ്രി ദേവിക്കും മകൻ തേജസ്വി യാദവിനും 2018 ലാണ് ജാമ്യം ലഭിച്ചത്.

2004 ൽ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പു കരാർ സുജാത ഹോട്ടൽസ് എന്ന സ്വകാര്യ കമ്പനിക്കു നൽകിയതിനു കൈക്കൂലിയായി പട്നയിൽ ബിനാമി പേരിൽ വൻ വിലയുള്ള മൂന്നേക്കർ ഭൂമി ലഭിച്ചുവെന്നാണ് കേസ്.