മൈസൂരു: ചിക്കമംഗളൂരുവിൽ മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞതിന് 4 ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ. ചിക്കമംഗളൂരു സ്വദേശികളായ ഗുരു, പ്രസാദ്, പാര്‍ഥിഭന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്.

ലൗ ജിഹാദ് ആരോപിച്ചാണ് ഇവർ വിവാഹം മുടക്കിയത്. യുവതിയുടെ അമ്മ വിവാഹത്തിന് സമ്മതം മൂളിയിരുന്നു. സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹം കഴിക്കാനുള്ള നടപടികൾ നടക്കുന്നതിനിടെ പ്രതികൾ വന്ന് തടയുകയായിരുന്നു. തുടർന്ന് യുവാവിനെയും യുവതിയെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പ്രവർത്തകർക്കേതിരെ യുവാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ചിക്കമംഗളൂരു ജില്ലാ പോലീസ് മേധാവി ഉമാ പ്രശാന്തിന്‍റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.