ജിദ്ദ: സൗദി അറേബ്യയിലെ അഞ്ചിടങ്ങളിൽ കഴിഞ്ഞ ദിവസം മയക്കുമരുന്ന് കടത്ത് തടഞ്ഞതായി സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. 168 കിലോയിലധികം മയക്കുമരുന്ന് അതോറിറ്റി പിടികൂടി. വിദേശികളടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ വഴിയും യു.എ.ഇ, ഒമാൻ, യമൻ അതിർത്തി ചെക്ക്പോസ്റ്റുകൾ വഴിയുമാണ് മയക്കുമരുന്ന് സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ സ്വദേശി യുവാക്കളും അറസ്റ്റിലായി.

റിയാദ് വിമാനത്താവളം വഴി ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആറ് കിലോയിലധികം മയക്കുമരുന്നും സൗദി-യു.എ.ഇ അതിർത്തിയിലെ ബത്ഹ അതിർത്തി പോസ്റ്റിലൂടെ ലോറിയിൽ ടിഷ്യൂ പേപ്പർ ബോക്സുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 കിലോയിലധികം മയക്കുമരുന്നും പിടിച്ചെടുത്തു.

ജിദ്ദ വിമാനത്താവളം വഴി യാത്രക്കാരൻ ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അഞ്ചു കിലോ ലഹരി മരുന്നും സൗദി-ഒമാൻ അതിർത്തിയിലെ റുബ്ഉൽഖാലി അതിർത്തി പോസ്റ്റ് വഴി വാഹനത്തിന്റെ ഇന്ധന ടാങ്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 114 കിലോ ലഹരിമരുന്നും സകാത്ത് നികുതി ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. ലഹരി മരുന്ന് ശേഖരങ്ങൾ സൗദിയിൽ സ്വീകരിച്ച നാലു പേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോളുമായി ഏകോപനം നടത്തി അറസ്റ്റ് ചെയ്തതായും അറിയിച്ചു.