ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72ാം ജന്മദിനം. പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കാനാണ് ബിജെപി പ്രവർത്തകരുടേയും തീരുമാനം. രാജ്യ വ്യാപകമായി പ്രവർത്തകർ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികൾ. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും.

പിറന്നാൾ അഘോഷത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ ഒരുക്കം. ഇന്ന് തുടങ്ങി ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് വിവിധ സംസ്ഥാനങ്ങളിലായി ബിജെപി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി തുടങ്ങും.