മുംബൈ: അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമന്‍റ്സ് കമ്പനിയുടെ ചെയർമാനായി ഗൗതം അദാനിയുടെ മൂത്തമകൻ കരൺ അദാനി ചുമതലയേൽക്കും. അദ്ദേഹത്തിന്‍റെ നിർണായക ഇടപെടലാണ് അമ്പുജ സിമന്‍റ്സ്, എ.സി.സി സിമന്‍റ്സ് തുടങ്ങിയ രാജ്യത്തെ മുൻനിര സിമന്‍റ് കമ്പനികളെ അദാനി ഗ്രൂപ്പിന് കീഴിൽ കൊണ്ടുവന്നത്.

നിലവിൽ അദാനി പോർട്സിന്‍റെ സിഇഒയാണ് കരൺ അദാനി. അതേസമയം, എസിസി സിമന്‍റ്സിൽ 54.5 ശതമാനം ഓഹരിയുള്ള അംബുജ സിമന്‍റ്സിന്‍റെ ചെയർമാനായി ഗൗതം അദാനിയെ നിയമിച്ചു. അമ്പുജ സിമന്‍റ്സിന്‍റെ കൂടുതൽ ഓഹരികൾ 20,000 കോടി രൂപ കൂടി നിക്ഷേപിച്ച് സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പ് ആലോചിക്കുന്നത്.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ കരൺ, അദാനി ഗ്രൂപ്പിന് കീഴിലുള്ള മുന്ദ്ര തുറമുഖത്താണ് തന്‍റെ കോർപ്പറേറ്റ് കരിയർ ആരംഭിച്ചത്. ഇന്ത്യയിലെ കോർപ്പറേറ്റ് നിയമത്തിൽ വിദഗ്ധനായ സിറിൽ ഷ്രോഫിന്റെ മകളും സിറിൽ അമർചന്ദ് മംഗളാസിലെ പാർട്ണറുമായ പരിധിയാണ് കരണിന്റെ ഭാര്യ.