തൃശ്ശൂർ: ഒരു വർഷം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമായി ഉണ്ടാകും. പക്ഷേ, അത് കുട്ടികൾക്ക് വേണ്ടിയുള്ളതല്ല. ഇത് മാതാപിതാക്കൾക്കുള്ള പുസ്തകമായിരിക്കും. ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.

പൊതുവിദ്യാഭ്യാസത്തിന്‍റെ പാഠ്യപദ്ധതി പരിഷ്കരണത്തിലാണ് നൂതനമായ നിർദ്ദേശം. ഇതിനായി പുതിയ ഫോക്കസ് ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പാഠ്യപദ്ധതി പരിഷ്കരണത്തിനായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലുള്ള ഫോക്കസ് ഗ്രൂപ്പുകളുടെ എണ്ണം 26 ആയി ഉയരും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ വരുന്ന എൻസിഇആർടിയിലും 25 ഫോക്കസ് ഗ്രൂപ്പുകളാണ് നിർദേശിക്കുന്നത്. കൂടുതൽ ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും, ഒരു സംസ്ഥാനവും ഇതുവരെ 25ൽ കൂടുതൽ ഉണ്ടാക്കിയിട്ടില്ല.