തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്‌ ഇന്ന്. 25 കോടി രൂപയാണ്‌ ഒന്നാം സമ്മാനം.  തിരുവനന്തപുരം ഗോർഖി ഭവനിൽ  പകൽ രണ്ടിന്‌ നടക്കുന്ന നറുക്കെടുപ്പിൽ മന്ത്രിമാരായ കെ എൻ ബാലഗോപാലും ആന്റണി രാജുവും പങ്കെടുക്കും. നറുക്കെടുപ്പ്‌ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ പ്രസിദ്ധീകരിക്കും. ശനി വൈകിട്ട്‌ അഞ്ചുവരെ 66 ലക്ഷം ടിക്കറ്റാണ്‌ ലോട്ടറി ഓഫീസുകളിൽനിന്ന്‌ ഏജൻസികൾക്ക്‌ വിതരണം ചെയ്തത്‌. വൈകിട്ട്‌ ആറുവരെ ഏജൻസികൾ ടിക്കറ്റുകൾ കൈപ്പറ്റി. ഞായറാഴ്ചയും വിൽപ്പന തുടരും. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനവുമുണ്ട്‌. 10 സീരീസുകളിലാണ്‌ ടിക്കറ്റുകൾ പുറത്തിറക്കിയത്. 500 രൂപയാണ്‌ വില. ബമ്പർ നറുക്കെടുപ്പ്‌ ചടങ്ങിൽ പൂജ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും.