തിരുവനന്തപുരം: സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര പേർ മരണമടഞ്ഞെന്നും എത്ര പേർക്ക് പരുക്ക് പറ്റിയെന്നുമുള്ള വിവരം തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിൽ ഈ വിവരം ലഭ്യമല്ലെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

2016-22 കാലയളവിൽ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരിച്ചുവെന്നും എത്ര യാത്രക്കാർക്ക് പരിക്കേറ്റുവെന്നും കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് ഓഗസ്റ്റ് 30ന് മന്ത്രി റിയാസിനോട് സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.

റോഡിലെ കുഴികൾ മൂലം അപകടത്തിൽപ്പെട്ടവർക്ക് പൊതുമരാമത്ത് വകുപ്പിൽ നിന്ന് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയില്ലെന്നും ദേശീയപാത 183, 183എ, 966ബി, 766, 185 എന്നിവയുടെ നിയന്ത്രണം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണെന്നും മന്ത്രി പറഞ്ഞു.