ദില്ലി: കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എംപി ശശി തരൂർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ജൻപഥിലെ സോണിയാ ഗാന്ധിയുടെ വസതിയിൽ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയും ചർച്ചയായതായാണ് സൂചന. അശോക് ഗെഹ്ലോട്ട് മത്സരിച്ചാൽ തരൂർ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതേസമയം, രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര, ജമ്മു കശ്മീർ, യുപി കോണ്‍ഗ്രസ്സ് ഘടകങ്ങളും പ്രമേയം പാസാക്കി. നേരത്തെ രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗുജറാത്ത് ഘടകങ്ങൾ രാഹുലിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകില്ലെന്ന് സൂചന നൽകുമ്പോഴും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുകയാണ്. രാഹുൽ പ്രസിഡന്‍റായില്ലെങ്കിൽ പാർട്ടിയിൽ ഐക്യമുണ്ടാകില്ല. മറ്റാരെയും സ്വീകരിക്കാൻ പ്രവർത്തകർ തയ്യാറാവണമെന്നില്ല. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കണമെന്നും പ്രമേയങ്ങൾ ആവശ്യപ്പെടുന്നു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു, വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാന ഘടകങ്ങൾ ഈ ആവശ്യവുമായി മുന്നോട്ട് വരുമെന്നും പറഞ്ഞു. പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഗാന്ധി കുടുംബം ആവർത്തിച്ചതോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സമ്മർദ്ദത്തിലാണ്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നെങ്കിലും ഗെഹ്ലോട്ട് സമ്മതം മൂളിയില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിയാനും മറ്റ് പദവികൾ ഏറ്റെടുക്കാനും ഗെഹ്ലോട്ടിന് താൽപ്പര്യമില്ലെന്നാണ് വിവരം. ശശി തരൂർ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഗാന്ധി കുടുംബത്തിൽ മറ്റൊരു മുറവിളി കൂടി ഉയരുകയാണ്.