പാലക്കാട്: ഗവർണർ മലർന്ന് കിടന്ന് തുപ്പുകയാണെന്ന് സി.പി.എം നേതാവ് എ.കെ. ബാലന്‍. ഇത്രയും പരിഹാസ്യമായ ഒരു പത്രസമ്മേളനം ഉന്നത ഭരണഘടനാ സ്ഥാപനത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഇതെല്ലാം സംസ്ഥാന സർക്കാർ രാഷ്ട്രപതിയെ അറിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണർ എന്തെങ്കിലും തെളിവുമായി വന്ന് ഒരു അത്ഭുതം സൃഷ്ടിക്കുമെന്ന് ഞാൻ വിചാരിച്ചു. കണ്ണൂർ വി.സി. പുനർനിയമനവുമായി ബന്ധപ്പെട്ട് ഭരണപരമായ ഉത്തരവിനെതിരെ മുഖ്യമന്ത്രി ഇടപെട്ടുവെന്നും അതിൽ രേഖയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഏതു രേഖയാണ് ഹാജരാക്കിയത് ? വി.സി.യുടെ പുനർനിയമനത്തിന്‍റെ നിയമസാധുത സംബന്ധിച്ച് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ഉപദേശം ഗവർണർക്ക് കൈമാറി. അത് എങ്ങനെയാണ് ഭരണഘടനാവിരുദ്ധമാകുന്നത്?

പുനർനിയമനം നിയമവാഴ്ചയ്ക്ക് എതിരാണെങ്കിൽ എന്തിനാണ് ഗവർണർ നിയമനത്തിന് അംഗീകാരം നൽകിയത്? അങ്ങനെയെങ്കിൽ ആരെയാണ് കുറ്റം പറയേണ്ടത്? ഇക്കാര്യത്തിൽ നിയമപ്രശ്നമില്ലെന്ന് ഡിവിഷൻ ബെഞ്ചും ഹൈക്കോടതിയുടെ ഫുൾ ബെഞ്ചും പറഞ്ഞിട്ടും ഗവർണറുടെ സംശയങ്ങൾക്ക് പരിഹാരമായില്ലെന്നും അദ്ദേഹം പറഞ്ഞു.