പത്തനംതിട്ട: പത്തനംതിട്ട കൊറ്റനാട് അമ്മയെയും മകളെയും കടിച്ച വളർത്തു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊറ്റനാട് സ്വദേശികളായ പുഷ്പ, മകൾ രേഷ്മ എന്നിവരെയാണ് നായ കടിച്ചത്. പേവിഷബാധ കണ്ടെത്തിയതിന് പിന്നാലെ നായ ഇന്ന് ചത്തു. പുഷ്പയ്ക്കും മകൾ രേഷ്മയ്ക്കും രണ്ട് ദിവസം മുമ്പാണ് വളർത്തു നായയുടെ കടിയേറ്റത്. കടിയേറ്റയുടൻ ഇരുവർക്കും വാക്സിൻ എടുത്തിരുന്നു. അതിനിടെ, കായംകുളം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോർട്ടറെ തെരുവുനായ ആക്രമിച്ചു. കായംകുളം എരുവ സ്വദേശി മധുവിനെയാണ് തെരുവ് നായ ആക്രമിച്ചത്. വാക്സിൻ നൽകുന്നതിനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം, കായംകുളം റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങിയ ശാസ്താംകോട്ട സ്വദേശിയെ തെരുവ് നായ ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു.