ന്യൂ ഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. തനിക്കും മത്സരിക്കാൻ അർഹതയുണ്ടെന്നും ആർക്കും മത്സരിക്കാമെന്നും 30 വരെ കാത്തിരിക്കൂവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂരും മത്സരിക്കാൻ സാധ്യതയുണ്ട്. ദേശീയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്താൽ അശോക് ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്നും ദിഗ് വിജയ് സിംഗ് പറ‌ഞ്ഞു.

എല്ലാവർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ 30 വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിൽ നിന്ന് മത്സരിക്കാൻ ആരുമില്ലെന്നത് ആശങ്കാജനകമല്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരിക്കാൻ അവകാശമുണ്ട്. ഒരു വ്യക്തിക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അവരെ മത്സരിക്കാൻ നിർബന്ധിക്കാൻ കഴിയില്ലെന്നും സിംഗ് പറഞ്ഞു. 

2019 ലെ ദേശീയ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ തോൽവിക്ക് ശേഷം രാജിവച്ച രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയെ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ മാത്രമേ മത്സരിക്കൂവെന്ന് അശോക് ഗെഹ്ലോട്ട് നേരത്തെ പറഞ്ഞിരുന്നു.