ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാള്‍ ഇറങ്ങാനിരിക്കെ ശശി തരൂർ എഐസിസി ആസ്ഥാനത്ത്. വോട്ടർപട്ടിക പരിശോധിക്കാനാണ് എത്തിയതെന്നാണ് വിവരം. അതേസമയം രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയാ ഗാന്ധി തുടരണമെന്ന് തരൂർ നിർദേശിച്ചു. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും ഇല്ലെങ്കിൽ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് തരൂർ. തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ഔദ്യോഗിക പിന്തുണ ഉണ്ടാകില്ലെന്നും എ.ഐ.സി.സി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശശി തരൂർ തൽക്കാലം മൗനം പാലിക്കുകയാണ്. ഇപ്പോൾ പരസ്യപ്രതികരണത്തിന് തയ്യാറല്ലെന്നും തരൂർ പറഞ്ഞു.