കാസര്‍കോട്: മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണം പിടികൂടി. കർണാടക ആർടിസി ബസിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മഞ്ചേശ്വരത്ത് ഒരു കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. രേഖകളില്ലാതെ ബാഗിൽ സൂക്ഷിച്ചിരുന്ന 20,50,000 രൂപ കണ്ടെടുത്തു. തൃശൂർ സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു. ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.

അഞ്ച് ദിവസം മുമ്പും മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ കുഴൽപ്പണം പിടികൂടിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ യഷ്ദീപിൽ നിന്ന് 30 ലക്ഷം രൂപയാണ് അന്ന് പിടികൂടിയത്. പൊതുഗതാഗതം ഉപയോഗിച്ച് കർണാടകയിൽ നിന്ന് വ്യാപകമായി കുഴൽപ്പണം കടത്തുന്നുണ്ട്. സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട പണമാണ് ഇങ്ങനെ രേഖകളില്ലാതെ കടത്തുന്നതെന്നാണ് നിഗമനം. തുടരന്വേഷണത്തിനായി കേസ് പൊലീസിന് കൈമാറി.