ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശിയായ വൈത്തീശ്വരി (17)യെയാണ് ഹോസ്റ്റലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ നിന്ന് വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആത്മഹത്യാ കുറിപ്പിൽ പെൺകുട്ടി ചില വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞിട്ടുണ്ടെന്നും വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും പൊലീസ് സൂപ്രണ്ട് എൽ ബാലാജി ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടി പല കാര്യങ്ങളാൽ അസ്വസ്ഥയായിരുന്നു. എല്ലാം പരിശോധിച്ച ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈത്തീശ്വരിയുടെ അമ്മായി അടുത്തിടെയാണ് മരിച്ചത്. അമ്മായിയുടെ മരണത്തിൽ വൈത്തീശ്വരി വളരെയധികം ദുഃഖിതയായിരുന്നെന്ന് സഹപാഠികൾ പറഞ്ഞു. അടുത്തിടെ, പെൺകുട്ടി ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയോട് “എന്നെ ഇനി ജീവനോടെ കാണില്ലെന്നും ഇത് അവസാന കൂടിക്കാഴ്ചയായിരിക്കും” എന്നും പറഞ്ഞിരുന്നു. കേസ് സംസ്ഥാന പൊലീസിന്‍റെ സിബിസിഐഡി വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ സമീപകാല ഉത്തരവിനെ തുടർന്നാണിത്.